.



മലപ്പുറം ജില്ലയുടെ തലസ്ഥാന പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന പ്രധാനമുനിസിപ്പാലിറ്റിയാണു മലപ്പുറം മുനിസിപ്പാലിറ്റി, അതിലെ 32,33,36 വാർഡുകൾ ഉൾക്കൊള്ളുന്ന പ്രദേശമാണു ഹാജിയാർപള്ളി, പ്രധാന ഭരണസിരാകേന്ദ്രമായ മലപ്പുറം കലക്ട്രേറ്റിൽ നിന്നും കേവലം അഞ്ച് കിലോമീറ്റർ മാറി പരപ്പനങ്ങാടി ഭാഗത്തേക്ക് പോകുന്ന റൂട്ടിലൂടെ സഞ്ചരിച്ചാൽ ഹാജിയാർ പള്ളിയിലെത്താം..


പാണക്കാട് , മുതുവത്തുമ്മൽ എന്നീ പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന കുന്നിൻ ചെരിവിൽ കടലുണ്ടിപ്പുഴയുടെ തീരവുമായി ചേർന്ന് കിടക്കുന്ന ചെറുടൌണാണു പ്രധാന ഭാഗം..
പാടശേഖരവും കുന്നിൻ ചരിവും നദീതീരവും ഒക്കെ ഉൾക്കൊള്ളുന്ന ഹാജിയാർ പള്ളി  സസ്യലതാദികൾ കൊണ്ടും പ്രക്രതി ഭംഗി കൊണ്ടും ഏറെ സമ്പുഷ്ഠമാണ്..
താരതമ്യേനെ  ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ജനസാന്ദ്രതയേറിയ ഒരു പ്രദേശമാണിത്.ഗ്രാമം എന്ന് വിളിക്കാൻ പറ്റില്ലെങ്കിലും ഒട്ടും ഗ്രാമീണതയുടെ പൈത്രകം ചോരാതെ നില നിൽക്കുന്ന ഒരു പട്ടണപ്രദേശമായി ഹാജിയാർപള്ളിയെ കണക്കാക്കാം..


ഗൂഗിൾ എർത്തിൽ നിന്നുള്ള ഫോട്ടോ




ഗൂഗിൾ മാപ്പ്
Loading... 









പ്രധാന ഭാഗങ്ങൾ
 
കടലുണ്ടിപ്പുഴയോടും സ്റ്റേറ്റ് ഹൈവേയോടും ചേർന്ന് കിടക്കുന്ന ഹാജിയാർ പള്ളി ടൌൺ, കുറച്ച് മാറി കുന്നിൻ പ്രദേശം  ആയി കിടക്കുന്ന  മുതുവത്ത് പറമ്പ് (മുതുവത്തുമ്മൽ), കുന്നിൻ ചരിവിനു താഴെയായി പാടേഖരങ്ങളോട് ചേർന്ന് കിടക്കുന്ന കൈനോട്, എന്നിവ പ്രധാന പ്രദേശനാമങ്ങളും , പൊറായി ( ജീലാനി നഗർ ), പുതിയവളപ്പ്, എന്നിവ ഉപപ്രദേശനാമങ്ങളുമാണു..
പരിസര പ്രദേശങ്ങൾ   

മത സൌഹാർദ്ധത്തിന്റെ നേട്ടങ്ങളും സ്വസ്ഥതയും മതവിദ്വേഷത്തിന്റെ നഷ്ടങ്ങളും ദുരിതവും ഒരു പോലെ വ്യക്തമാക്കുന്ന   രീതിയിൽ  ചരിത്രത്തിൽ ഇടം നേടിയ മലപ്പുറം വലിയ പള്ളി സ്ഥിതി ചെയ്യുന്ന വലിയങ്ങാടി ഹാജിയാർ പള്ളിയുടെ തൊട്ട് ചാരിയാണു സ്ഥിതി ചെയ്യുന്നത്.., 
മഹാനായ പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയതങ്ങൾക്കും അവരുടെ കേരളം ആദരിക്കുന്ന ബഹുമാനിക്കുന്ന  മക്കൾക്കും  ജന്മം നൽകി അനുഗ്രഹീതമായി മാറിയ പ്രദേശമായ പാണക്കാടിന്റെ ഒരു ഭാഗം ഹാജിയാർ പള്ളിയോട് ചേർന്ന് കിടക്കുന്നു..
മറുവശത്ത് കോൽമണ്ണ പ്രദേശം..,  പുഴയുടെ അക്കരെ  മങ്ങാട്ടുപുലം ..എന്നിങ്ങനെയാണു പരിസര പ്രദേശങ്ങൾ


ചരിത്രം..

പഴയ കാലത്ത് ഹാജിയാർ പള്ളി, കോൽമണ്ണ , എന്നിങ്ങനെയുള്ള പ്രദേശങ്ങൾ മലപ്പുറം വലിയങ്ങാടിയിൽ സ്ഥിതി ചെയ്യുന്ന വലിയ ജുമുഅത്ത് പള്ളി എന്ന പേരിലുള്ള ഒരൊറ്റ മഹല്ലായിരുന്നു, അത് കൊണ്ട് തന്നെ മലപ്പുറം വലിയ പള്ളിയുടെ ചരിത്രം ഹാജിയാർ പള്ളിയുടെ കൂടി ചരുത്രമാണു..

മലപ്പുറം വലിയ പള്ളിയുടെ ചരിത്രം


  കോഴിക്കോട് ആസ്ഥാനമായി ഭരിച്ചിരുന്ന സാമൂതിരി രാജാവ് അന്നത്തെ നാട്ട് രാജാവായിരുന്ന വള്ളുവക്കോനാതിരിയിൽ നിന്നും പെരിന്തൽമണ്ണ, ഏറനാട്, തിരൂർ,മലപ്പുറം എന്നീ പ്രദേശങ്ങൾ കീഴടക്കി ....മലപ്പുറം  ഉൾക്കൊള്ളുന്ന  പ്രദേശത്ത് നിന്നും കരം പിരിക്കുന്നതിനും മറ്റുമായി നിയുക്തനായ നാട് വാഴിയായിരുന്ന് വരക്കൽ പാറനമ്പി, മണ്ണൂർ ആയിരുന്നു ഇദ്ദേഹത്തിന്റെ ആസ്ഥാനം.,കോട്ടപ്പടി ഗ്രൗണ്ടിനു പിറക് വശത്ത് പാറനമ്പിയുടെ കൊട്ടാരവും അന്നത്തെ കുളവും മറ്റുള്ള ചരിത്ര ശേഷിപ്പുകളും ഇന്നും കാണാം.. പാറനമ്പിയും കോട്ടക്കൽ നാട്ട് രാജാവും തമ്മിലുള്ള ഏറ്റ് മുട്ടലിൽ വള്ളുവനാട്ടിൽ നിന്നും വന്ന നാലു മുസ്ലിം കുടുംബങ്ങൾ യുദ്ധത്തിൽ പങ്ക് കൊണ്ടു., സാമൂതിരിയോടുള്ള സ്നേഹവും സമീപനവുമാണു മുസ്ലിംകൾ നമ്പിയോട് കാണിച്ചത്., യുദ്ധത്തിൽ പാറനമ്പി വൻ വിജയം നേടി.,

സന്ദർഭോചിതം മുസ്ലിംകൾ നൽകിയ പിന്തുണക്ക് പാരിതോഷികമായി മുസ്ലീംകളുടെ ആവശ്യപ്രകാരം ഒരു ആരാധനാലയം നിർമിച്ച് നൽകാൻ നമ്പി തീരുമാനിച്ചു.,

അങ്ങനെ മലപ്പുറം വലിയങ്ങാടിയിൽ കടലുണ്ടിപ്പുഴയുടെ സമീപപ്രദേശത്ത് പതിനാലു ഏക്കർ സ്ഥലത്ത് മസ്ജിദ് നിർമ്മാണം തുടങ്ങി, അനേകം ശില്പികളുടെ കരവിരുതിൽ മൂന്ന് നിലകളിലായി ഉയർന്ന പള്ളിയിലെ കൊത്ത് പണികൾ വളരെ പ്രസിദ്ധമായിരുന്നു അക്കാലത്ത്., ജനലുകളിലും വാതിലുകളിലും എല്ലാം ഖുർ‌ആൻ സൂക്തങ്ങളും പ്രവാചക വചനങ്ങളും കൊത്തിവച്ചു..,ചിത്രപ്പണികൾ ചെയ്ത മിമ്പർ ഒരു അതിശയമായിരുന്നു..,പള്ളിയുടെ നിർമ്മാണം പൂർത്തിയായതോടെ നാടിന്റെ നാനാഭാഗത്ത് നിന്നും മുസ്ലിംകൾ ഇവിടെയെത്തി വീട് വെച്ച് താമസം തുടങ്ങി., അതിലൊരു വിഭാഗം അന്ന് കടലുണ്ടിപ്പുഴയുടെ ഓരം പറ്റിക്കിടക്കുന്ന മിനിക്കുത്തിലും ( ഇന്നത്തെ ഹാജിയാർ പള്ളി )താമസമാക്കിയിരിക്കാം..

മലപ്പുറത്തെ ഹിന്ദുക്കളും മുസ്ലിംകളും സഹോദര്യത്തോടെയാണു കഴിഞ്ഞ് കൂടിയിരുന്നത്..,മത സൌഹാർദ്ദത്തിന്റെ ഉത്തമ വിളനിലമായി മലപ്പുറം പേരു കേട്ടു, ഇതിനിടയിൽ പാറനമ്പി നിര്യാതനായി.., അദ്ദേഹത്തിന്റെ അനന്തരവനായ പുതിയ പാറനമ്പി ഭരണം ഏറ്റെടുത്തു..,

അക്കാലത്ത് മലപ്പുറത്തെത്തിയ സാമൂതിരിയുടെ പ്രശസ്ത യോദ്ദാവായ അലിമരക്കാർ പാറനമ്പിയെ മുഖം കാണിക്കാനെത്തി.,മരക്കാരുടെ തലയെടുപ്പും  ആരോഗ്യവും നമ്പിയെ വല്ലാതെ ആകർഷിച്ചു., മലപ്പുറം വിട്ട് പോകരുതെന്ന നമ്പിയുടെ അഭ്യർത്ഥന മരക്കാർ സ്വീകരിച്ചു.., അങ്ങനെ നാട് വാഴിക്കുള്ള ഭൂനികുതി പിരിച്ച് നൽകാനുള്ള ചുമതല അലിമരക്കാർക്ക് നമ്പി നൽകി.., 


ഇതിനൊപ്പം തന്നെ മറ്റ് ചിലരിൽ അസ്വസ്ഥതയും പടർന്നു തുടങ്ങിയിരുന്നു..,നികുതി പിരിക്കുന്നത് സംബന്ധമായി പൊന്മള നമ്പീശൻ എന്നയാളും അലിമരക്കാരും തമ്മിലുള്ള വാക്ക് തർക്കം സാമുദായികയുദ്ധമായി പരിണമിക്കുകയായിരുന്നു.നികുതി നൽകാൻ വിസമ്മതിച്ച ഒരാളെ മരക്കാർ നിയമപ്രകാരം മരക്കാർ അടിമയാക്കി വിറ്റു പണം ഈടാക്കി എന്നും പറയപ്പെടുന്നുണ്ട്, ..,അസുയാ‍ലുക്കളായ ചില കുബുദ്ധികൾ ആ അവസരം മുതലെടുത്തു.,മരക്കാർ വളരുന്നത് പാറനമ്പിക്ക് ഭീഷണിയായിത്തീരുമെന്ന് അവർ നമ്പിയെ തെറ്റിദ്ധരിപ്പിച്ചിരിക്കാം..നമ്പി മരക്കാരെ കൊട്ടാരത്തിൽ വിളിച്ച് വരുത്തുകയും വധിക്കുകയും ചെയ്തു.,

അതോടെ നാട്ടിലെ സൌഹാർദ്ധാന്തരീക്ഷം അവതാളത്തിലായി, എരിതീയിൽ എണ്ണയൊഴിക്കുന്ന രീതിയിൽ തന്റെ മുൻ‌ഗാമി നിർമിച്ച് നല്കിയ പള്ളി തകർക്കാനും നമ്പി തീരുമാനമെടുത്തു..,ഇതിനായി സമീപത്തെ നാട്ട് രാജ്യങ്ങളിൽ നിന്നും സേനാംഗങ്ങൾ എത്തിത്തുടങ്ങി.,അങ്ങനെ യുദ്ധം തുടങ്ങി, വലിയങ്ങാടി പൂളക്കണ്ണിയിൽ വെച്ചാണു പാറനമ്പിയുടെ നായർ പടയാളികളും മാപ്പിള പടയാളികളും ആദ്യം ഏറ്റ്മുട്ടിയത് എന്നും പറയപ്പെടുന്നുണ്ട്,മുസ്ലിംകൾ സ്ത്രീകളെയും കുട്ടികളെയും രഹസ്യമായി സുരക്ഷിത നാടുകളിലേക്ക് പറഞ്ഞ് വിട്ടു, പുരുഷന്മാർ എന്ത് വന്നാലും പള്ളി തകർക്കാൻ സമ്മതിക്കില്ല എന്ന് പ്രതിജ്ഞയെടുത്ത് പള്ളിക്കകത്ത് തമ്പടിച്ചു, പള്ളി വളഞ്ഞ് കൊണ്ട് നായർപടയാളികളും..

അനുരഞ്ജന നീക്കങ്ങളൊന്നും തന്നെ വിജയിച്ചില്ല, ഒടുവിൽ ഒരു ശ‌അബാൻ ഒമ്പതിനു വ്യാഴായ്ച അർധരാത്രി പോരാട്ടം തുടങ്ങി, മുസ്ലിം പക്ഷത്തെ 44 പേർ അന്നവിടെ രക്തസാക്ഷികളായി..,പള്ളി അഗ്നിക്കിരയാക്കപ്പെട്ടു..,മത സൌഹാർദ്ധത്തിനു  പേരു കേട്ട നാട് വിദ്വേഷത്തിന്റെ പുകയിൽ  വീർപ്പ് മുട്ടി..,
പിന്നീട് പൂക്കോട്ടൂർ, തിരൂരങ്ങാടി എന്നിങ്ങനെയുള്ള അയൽ നാടുകളിൽ നിന്ന് സംഭവമറിഞ്ഞെത്തിയ മുസ്ലിംകളാണു കൊല്ലപ്പെട്ടവരുടെ മ്രതദേഹങ്ങൾ കണ്ടെത്തി കബറടക്കിയത്, ഈ സംഭവമാണു പ്രസിദ്ധമായ മലപ്പുറം പട., അന്ന് കൊല്ലപ്പെട്ട 44 പേരുടെ മഖബറ ഇന്നും വലിയങ്ങാടി ജുമുഅത്ത് പള്ളിയോട് ചേർന്ന് കാണാം..

മസ്ജിദ് തകർക്കപ്പെട്ട് അധികനാൾ കഴിയും മുമ്പേ പാറനമ്പിയുടെ കുടുമ്പത്തിൽ അതിമാരകമായ രോഗം പിടിപെട്ടു.,ഒരു ചികിത്സയും ഫലിക്കാതെ മാറാവ്യാധി ബാധിച്ച് കുഞ്ഞുങ്ങളും സ്ത്രീകളും അടക്കം പലരും അകാലമ്രത്യു വരിച്ചു,  ആകെ വിഷമത്തിലായ നമ്പി പ്രതിവിധി തേടി  ഒരു ജ്യോത്സനെ കണ്ട് പ്രശ്നം വെപ്പിച്ചു.., അഗ്നിക്കിരയാക്കപ്പെട്ട മസ്ജിദ് പുനർ നിർമിക്കാനും ഓടിപ്പോയ മുസ്ലിംകളെ തിരിച്ച് കൊണ്ട് വന്ന് പുനരധിവസിപ്പിക്കുകയും ചെയ്താൽ മാത്രമേ ഈ വ്യാധി വിട്ട് പോവുകയുള്ളു എന്നായിരുന്നു പ്രശ്നത്തിൽ തെളിഞ്ഞത്..,
നമ്പി പള്ളി പുതുക്കി പണിതു, മുസ്ലീംകളെ വീണ്ടും കൊണ്ട് വന്ന് അവിടെ താമസിപ്പിച്ചു, വീണ്ടും ഹിന്ദുക്കളും മുസ്ലീംകളും സൌഹാർദ്ധത്തോടെ ജീവിച്ച് തുടങ്ങി, ഇടക്കാലത്തുണ്ടായ മുറിവ് കാലക്രമേണ ഉണങ്ങി, 



ഹാജിയാർപള്ളി ചരിത്രം.. (മിനിക്കുത്ത് ചരിത്രം)


പ്രസ്തുത യുദ്ധം നടക്കുന്ന സമയത്ത് പരിശുദ്ധമായ മക്കയിൽ ഒരു സംഭവമുണ്ടായി, അവിടെ മസ്ജിദുൽ ഹറാമിൽ വരുന്ന വിശ്വാസികൾക്ക് വെള്ളവും മറ്റ് ചെറിയ ചെറിയ സഹായങ്ങളുമൊക്കെ ചെയ്ത് അവിടെ മുഹമ്മദ് ശരീഫ് എന്ന ഒരു സൂഫിവര്യൻ  കഴിഞ്ഞ് കൂടിയിരുന്നു, മലപ്പുറം വലിയങ്ങാടി യുദ്ധം നടക്കുന്ന സമയം അദ്ദേഹം ഒരു സ്വപ്നം കണ്ടു, ഹിന്ദ് എന്ന ഒരു രാജ്യത്ത് ന്യൂനപക്ഷമായ മുസ്ലീംകൾ അല്ലാഹുവിന്റെ ആരാധനാലയം സംരക്ഷിക്കുന്നതിനു വേണ്ടി യുദ്ധം ചെയ്യുന്നു, താങ്കൾ എത്രയും വേഗം അങ്ങോട്ട് പുറപ്പെടുക, അതായിരുന്നു ആ സ്വപ്നത്തിന്റെ സാരം..അങ്ങനെ അദ്ദേഹം കേട്ട്കേൾവി പോലുമില്ലാത്ത ആ പ്രദേശം തേടി യാത്രയാരംഭിച്ചു, കാടും മേടും കടലും പുഴകളും താണ്ടി വന്യമ്രഗങ്ങളിൽ നിന്നും നരഭോജികളിൽ നിന്നും രക്ഷപ്പെട്ട് ആ സൂഫി വര്യൻ വലിയങ്ങാടിയിൽ എത്തിച്ചേർന്നു, എന്നാൽ അപ്പോഴേക്കും ഏറെ കാലം കഴിഞ്ഞിരുന്നു, പള്ളി പുനർ നിർമിക്കുകയും മുസ്ലീംകൾ തിരിച്ച് വന്ന് താമസിക്കുകയും ചെയ്റ്റിരുന്നു.എങ്ങും സ്വച്ഛതയും സമാധാനവും  കളിയാടുന്ന അന്തരീക്ഷം .  അദ്ദേഹം ആ പരിസരപ്രദേശങ്ങളിൽ ആരാധനയും മറ്റുമായി കഴിഞ്ഞ് വന്നു.

ആയിടക്ക് കടലുണ്ടിപ്പുഴയിലൂടെ ഉല്ലാസയാത്ര നടത്തുകയായിരുന്ന പാറനമ്പിയുടെ കയ്യിൽ നിന്നും വളരെ പ്രധാനപ്പെട്ട ഒരു താക്കോൽക്കൂട്ടം നദിയിൽ വീണു.., ഒട്ടനവധി പേർ മുങ്ങിത്തപ്പിയിട്ടും അത് കിട്ടിയില്ല, പാറനമ്പി ആകെ വിഷമത്തിലായി..
അന്ന് കാട് പിടിച്ച് കിടന്നിരുന്ന മിനിക്കുത്തിൽ കാട്ടിനുള്ളിൽ എങ്ങ് നിന്നോ വന്ന ഒരു സൂഫിവര്യൻ താമസിക്കുന്നുണ്ടെന്നും അദ്ദേഹം മഹാത്ഭുതങ്ങൾ കാണിക്കാറുണ്ടെന്നും അദ്ദേഹത്തെ കണ്ട് കാര്യം പറഞ്ഞാൽ ഒരു പക്ഷെ പരിഹാരം കണ്ടേക്കും എന്നും ആരോ പാറനമ്പിയെ ധരിപ്പിച്ചു.. അങ്ങനെ സൂഫി വര്യൻ എത്തി, അദ്ദേഹം വഞ്ചിയിൽ കയറി താക്കോൽ വീണ ഭാഗത്ത് കൈകാണിച്ചപ്പോൾ താക്കോൽ കൂട്ടം അദ്ധേഹത്തിന്റെ കയ്യിലേക്ക് വന്നുവത്രെ..,സന്തോഷഭരിതനായ പാറനമ്പി ഇതിനു പ്രത്യുപകാരമായി എന്ത് വേണമെന്ന് ചോദിച്ചു, ഞാൻ താമസിക്കുന്ന ഭാഗത്തെ ക്ഷേത്രം എനിക്ക് വിട്ട് തരണമെന്ന് പറഞ്ഞപ്പോൾ പാറനമ്പി ആ ക്ഷേത്രവും അതിനോടടുത്ത പൂജപ്പുരയും സൂഫിവര്യനു സമ്മാനമായി നൽകി.,എല്ലാവരുടെയും സഹകരണത്തോടെ അവിടെ ഒരു പള്ളി സ്ഥാപിച്ചു. അതാണു ഹാജിയാർപള്ളി മസ്ജിദ്, വലിയുല്ലാഹി മുഹമ്മദ് ശരീഫ് ആയിരുന്നു ആ സൂഫി വര്യൻ, അദ്ദേഹത്തെ  നാട്ടുകാർ സ്നേഹത്തോടെ ഹാജിയാർ ഉപ്പാപ്പ എന്ന് വിളിച്ചു,  സ്വാഭാവികമായും അതോട് കൂടി അവിടെ ധാരാളം കുടുമ്പങ്ങൾ വന്ന് താമസമാക്കിക്കാണണം..അങ്ങനെ മിനിക്കുത്ത് എന്ന് പ്രദേശം ഹാജിയാരുടെ പള്ളി നിൽക്കുന്ന പ്രദേശം എന്നും അറിയപ്പെടാൻ തുടങ്ങി.. ക്രമേണ അത് ലോപിച്ച് ഹാജിയാർ പള്ളി എന്നും ആയി..ഇപ്പോഴും പല പഴമക്കാരും മിനിക്കുത്ത് എന്ന് വിളിക്കാറുണ്ട്., 
വലിയുള്ളാഹി മുഹമ്മദ് ശരീഫ് (ന;മ) മരണപ്പെട്ട വർഷം  ക്രത്യമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല, ഒരു മുഹറം മാസം  12നാണു അദ്ദേഹം മരണപ്പെട്ടത്.. 13 നു തന്നെ അദ്ദേഹത്തെ ആ പള്ളിക്കകത്ത് ഒരു ഭാഗത്ത് മറവ് ചെയ്തു, അദ്ദേഹത്തിന്റെ മഖ്ബറ ഇന്നും ഹാജിയാർ പള്ളി മസ്ജിദിനോട് ചേർന്ന് കാണാം..ഈ യടുത്ത കാലം വരെ പഴയ ക്ഷേത്രത്തിന്റെ രൂപത്തിൽ തന്നെയായിരുന്നു ഹാജിയാർപള്ളി മസ്‌ജിദ് നിലനിന്നിരുന്നത്, എന്നാൽ ഇപ്പോൾ കെട്ടിലും മട്ടിലും മാറ്റം വരുത്തി മസ്‌ജിദ് പുതുമോടി ചമഞ്ഞ് നിൽക്കുന്നു.

( ശ്രദ്ധിക്കുക: പഴമക്കാരിൽ നിന്നും കേട്ടറിഞ്ഞതും പുസ്തകങ്ങളിലൂടെ വായിച്ചറിഞ്ഞതുമായ അറിവുകളാണിത്, ഇത് പൂർണ്ണമാണെന്ന് ഒരിക്കലും അവകാ‍ശപ്പെടുന്നില്ല, എന്തെങ്കിലും തെറ്റുകൾ പറ്റിപ്പോയിട്ടുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കണമെന്നഭ്യർത്ഥിക്കുന്നു..)
പൊതുകാര്യങ്ങൾ
ഹാജിയാർ പള്ളിയിൽ നിന്നുള്ള ദൂരം...

 മലപ്പുറം കലക്ട്രേറ്റ് ; 5 കിലോമീറ്റർ
മലപ്പുറം നഗരസഭ കാര്യാലയം: 4 കിലോമീറ്റർ
മലപ്പുറം പോലീസ് സ്റ്റേഷൻ : 4 കിലോമീറ്റർ
മലപ്പുറം പാസ്പോർട്ട് ഓഫീസ്: 2. കിലോമീറ്റർ
തിരൂർ റെയിൽ‌വേ സ്റ്റേഷൻ :31 കിലോമീറ്റർ
കരിപ്പൂർ വിമാനത്താവളം : 26 കിലോ മീറ്റർ
കോഴിക്കോട് -പാലക്കാട് ദേശീയ പാത, കിഴക്കേതലയിൽ നിന്നും 2 കിലോമീറ്റർ


പിൻ  കോഡ്:  676519
സമയ മേഖല: UTC + 5:30

ആകർഷണങ്ങൾ, പ്രത്യേകതകൾ
വലിയുള്ളാഹി മുഹമ്മദ് ശരീഫ് ( ന:മ) മഖ്ബറ
ഹാജിയാർ പള്ളി  മസ്ജിദിലെ ആണ്ട് നേർച്ച
ഹാജിയാർ പള്ളി - മങ്ങാട്ട് പുലം തൂക്ക് പാലം